ഒരെത്തിനോട്ടം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ മുച്ചിലോട് മുതല്‍ കാട്ടാമ്പള്ളി വരെയുള്ള പുഴയ്ക്ക് അക്കരെയും ഇക്കരെയും ഉള്ള പ്രദേശങ്ങളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. ചപ്പാരപ്പടവ്, പൂവ്വം എന്നീ സ്ഥലങ്ങളാണ്‌ തൊട്ടടുത്ത വ്യാപാരകേന്ദ്രങ്ങള്‍. വടക്ക് ചപ്പാരപ്പടവ്, തെക്ക്‌ പൂവ്വം, കിഴക്ക് നാടുകാണി, പടിഞ്ഞാറ്‌ കൊട്ടക്കാനം എന്നിവയാണ്‌ ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്തേക്ക് കടന്നെത്താനുള്ള നാല്‌ പ്രധാന വഴികള്‍.

പുരോഗതിയുടെ പാതയിലേക്ക്‌ നടന്നടുക്കാന്‍ ഇനിയും ഒട്ടേറെ ദൂരം പോകേണ്ടിയിരിക്കുന്നു. ഭാഗികമായാണെങ്കിലും കാര്‍ഷിക സംസ്കാരം നിലനില്ക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന-അര്‍ധ സര്‍ക്കാര്‍ , സ്വകാര്യ കമ്പനി, കോര്‍പ്പറേറ്റ് ജീവനക്കാരും, വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലും, നാട്ടില്‍ തന്നെ കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്നവരും അടങ്ങുന്ന ജനസഞ്ചയം.

ഇപ്പോള്‍ സ്ഥാപനങ്ങളായി നിലവിലുള്ളത് 1968ല്‍ സ്ഥാപിതമായ കൂവേരി ബ്രാഞ്ച് പോസ്റ്റോഫീസും, അപ്പര്‍-ലോവര്‍ പ്രൈമറി സ്കൂളുകളും, കുടുംബക്ഷേമ കേന്ദ്രവും സര്‍വ്വീസ് കൊ-ഓപ്പറേറ്റീവ് ബാങ്കും, വനിതാ സര്‍വ്വീസ് സഹകരണ സൊസൈറ്റിയും മാത്രമാണ്‌. വൈദ്യുതിയും ഫോണും ബഹുഭൂരിപക്ഷം വീടുകളിലും കാണാം.

'കൂവേരി' വന്ന വഴി

'കൂവേരി' എന്ന പേര്‌ വന്നതിന്‌ കാരണമായിത്തീര്‍ന്നതിന്‌ പിന്നിലെ വസ്തുതകള്‍ പലതുണ്ട്. തൊട്ടടുത്ത ചപ്പാരപ്പടവ്, പൂവ്വം, കാഞ്ഞിരങ്ങാട് പ്രദേശങ്ങള്‍ക്ക് മരവുമായുണ്ടായ ബന്ധത്തില്‍ നിന്നാണ്‌ നാട്ടുനാമങ്ങള്‍ ഉരുത്തിരിഞ്ഞുണ്ടായതെന്ന് വസ്തുതാപരമായി ചിന്തിക്കുമ്പോള്‍ ഉറപ്പിക്കാന്‍ കഴിയും. വില്ലേജ്/പഞ്ചായത്ത് ഓഫിസുകളിലെ രേഖകളില്‍ ‘കൂവ്വേരി’ എന്നാണ്‌ അടുത്ത കാലംവരെ എഴുതിയിരുന്നത്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ KOOVERY എന്നോ KOOVERI എന്നോ എഴുതിപ്പോന്നു. ഇവിടെ പോസ്റ്റോഫീസ് വന്നതോടുകൂടിയാണ്‌ ‘കൂവേരി’ എന്നെഴുതിത്തുടങ്ങിയത്.

'കൂവേരി'യുടെ ജനനത്തിന്‌ കാരണം കുറിച്ചത് കൂവച്ചെടിയുമായുള്ള നിതാന്തബന്ധമാണെന്ന് ചൂണ്ടിക്കാട്ടാനാകും. അതോടൊപ്പം തന്നെ അധ്വാനം തെല്ലും കൂടാതെ പച്ചക്കറികള്‍ക്കോ ചെറുചെടികള്‍ക്കോ നനക്കുന്നതിന്‌ ഉറവ കിനിയുന്ന തോട്ടുവക്കിലോ പതമുള്ള പുഴയരികിലോ വെട്ടി രൂപപ്പെടുത്തിയെടുക്കുന്ന കുഴിയെയാണ്‌ ‘കൂവല്‍’ എന്ന്‌ വിളിച്ചിരുന്നത്‌. അതിന്റെ പെരുപ്പം കൊണ്ടും പരപ്പം കൊണ്ടും പ്രസിദ്ധമായതിനാലും ‘കൂവേരി’ എന്ന പേരിന്‌ കാരണമായി എന്ന്‌ കരുതുന്നു.

കൂവരം എന്നാല്‍ ഭംഗിയുള്ളത്‌ എന്നാണ്‌ അര്‍ത്ഥം. സൗന്ദര്യം തിടമ്പേറ്റി നില്ക്കുന്നതും കണ്ണിനും മനസ്സിനും ഒരുപോലെ ഹരം നല്കുന്നതുമായ നമ്മുടെ ഗ്രാമത്തെ വിശേഷിപ്പിക്കാന്‍ പറ്റിയ പദം കൂവരം അല്ലാതെ മറ്റെന്തുണ്ട്‌? പിന്നാലെ സാന്ദര്‍ഭികമായി ‘ഏരി’യും ഒത്തുവന്നപ്പോള്‍ ‘കൂവേരി’യായി. ‘ഏരി’യെന്നതിന്‌ പ്രയോഗ സാധുത ഒന്നിലേറെയാണ്‌. കൃഷിക്കുവേണ്ടി വെള്ളം കെട്ടി നിര്‍ത്തുന്ന വലിയചിറ അറിയപ്പെട്ടിരുന്നത് ഏരി എന്ന പേരിലാണ്‌. ഏരികൂട്ടുകയെന്നത് ഇഞ്ചിപോലുള്ള കൃഷിപ്പണിയില്‍ പ്രയോഗിച്ചുവരുന്ന പരമ്പരാഗതമായ രീതിയാണ്‌. കൃഷിയുമായി കൂടിയിരുന്ന ഏരാള സമൂഹ(കൃഷിക്കാര്‍)ത്തിന്റെ 'എരി'യും നാട്ടുപേരിനെ സ്വാധീനിച്ചു എന്ന് കരുതാം. കൂവ, കൂവല്‍, കൂവരം എന്നീ പദങ്ങളോടൊപ്പം ഏരി, ഏരികൂട്ടുക, ഏരാളര്‍ തുടങ്ങിയ വാക്കുകളും ചേര്‍ന്ന് നിന്നപ്പോള്‍ ‘കൂവേരി’യായി എന്നും കരുതാം.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക