ഗ്രാമദീപം വായനശാല & ഗ്രന്ഥാലയം, പൂണങ്ങോട്

1960കളിൽ പൂണങ്ങോട് പ്രദേശത്തുള്ള പുരോഗമന പ്രവർത്തകരെ സംഘടിപ്പിച്ച് ശ്രീ.എ.വി.കൊട്ടൻ ഓലയും മുളയും കൊണ്ട് ചെറിയ ഒരു വായനശാല പൂണങ്ങോട് സ്കൂളിനടുത്തായി സ്ഥാപിച്ചു. അതിനുശേഷം ശ്രീ പുളുക്കൂൽ കണ്ണൻ സംഭാവനയായി നൽകിയ 3 സെന്റ് സ്ഥലത്ത് മരവും, ഓടും ഉപയോഗിച്ച് നിർമ്മിച്ച കുറച്ചുകൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് വായനശാലയുടെ പ്രവർത്തനം വിപുലീകരിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങൾക്ക് ഏറെ വേരോട്ടമുള്ള പ്രദേശം എന്ന നിലയിൽ അതിന്റെ പ്രവർത്തകരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു അക്കാലത്ത് വായനശാല. വായനശാലയുടെ ആരംഭം മുതൽ 1990ൽ രോഗശയ്യയിലാകുന്നതുവരെ ശ്രീ. എ.വി.കൊട്ടനായിരുന്നു വായനശാലയുടെ പ്രസിഡന്റ്. അദ്ദേഹത്തോടൊപ്പം ശ്രീ. എം.വി. വാസു, ശ്രീ. കെ. കുമാരൻ, ശ്രീ. ഇ.വി.കുഞ്ഞിരാമൻ, ശ്രീ. കെ.വി.കുഞ്ഞിരാമൻ തുടങ്ങിയവർ പ്രവർത്തിച്ചുണ്ട്.

1990 മുതൽ തന്നെ ഗ്രന്ഥശാലയായി പ്രവർത്തനം തുടങ്ങിയിരുന്ന ഈ സ്ഥാപനത്തിന്‌ 1995ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ചു (Reg No- 13TPA5533).

2003ൽ പുസ്തകങ്ങളുടേയും വായനക്കാരുടേയും എണ്ണം വർധിച്ചതോടുകൂടി, സ്ഥലസൗകര്യത്തിന്റെ അഭാവം മൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. ഇതിനേത്തുടർന്ന് അന്നത്തെ ഭാരവാഹികളായ ശ്രീ. പി. നാരായണൻ മാസ്റ്റർ, ശ്രീ. കെ.വി. സുകുമാരൻ തുടങ്ങിയവർ അന്നത്തെ തളിപ്പറമ്പ് M.L.A. ശ്രീ. എം.വി.ഗോവിന്ദൻ മാസ്റ്ററെ കണ്ട് നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പ്രാദേശിക വികസന നിധിയിൽപ്പെടുത്തി വായനശാലയ്ക്ക് 2� ലക്ഷം രൂപ അനുവദിച്ചു. ആ പണവും, വായനശാലയുടെ തനതു ഫണ്ടും, നാട്ടുകാരുടെ നിർലോഭമായ സഹായവുമൊക്കെ ആയപ്പോൾ മനോഹരമായ ഇരുനിലക്കെട്ടിടം നിർമ്മിക്കുവാൻ കമ്മിറ്റിക്ക് സാധിച്ചു. 2008 മാർച്ച് 23നു ബഹു: ആഭ്യന്തര ടൂറിസം വകുപ്പുമന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണൻ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.

ഈ കാലയളവിനുള്ളിൽ തദ്ദേശ്ശ-സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും, കൊൽക്കത്ത രാജാറാം മോഹൻറോയ് ഫൗണ്ടേഷനിൽ നിന്നും ഈ സ്ഥാപനത്തിന്‌ സഹായം ലഭിച്ചിട്ടുണ്ട്.

2003ൽ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. പി. ലത പ്രത്യേക താൽപ്പര്യമെടുത്ത് ടിവിയും, സ്പോർട്സ് ഉപകരണങ്ങളും, ഈ സ്ഥാപനത്തിന്‌ അനുവദിച്ചിരുന്നു. രാജാറാം ഫൗണ്ടേഷനിൽ നിന്നും 10000 രൂപയുടെ പുസ്തകങ്ങലും ലഭിച്ചു.

വായനശാലാ മെമ്പർമാരായ അധ്യാപകരേയും മറ്റ് വിദ്യാസമ്പന്നരേയും ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് സൗജന്യ ട്യൂഷനും നല്കിയിട്ടുണ്ട്. പൂണങ്ങോട് എൽ.പി.സ്കൂളിലെ കുട്ടികളേയും അദ്ധ്യാപകരേയും സഹകരിപ്പിച്ച് കുട്ടികൾക്ക് പുസ്തകം എത്തിച്ചുകൊടുക്കുന്ന പദ്ധതി ഈ സ്ഥാപനത്തിന്റെ പരിഗണനയിലുണ്ട്.

ശ്രീ. കെ. കുമാരൻ പ്രസിഡന്‍റും, ശ്രീ. കെ.വി. സുകുമാരൻ സെക്രട്ടറിയുമായ 11 അംഗ നിർവ്വാഹക സമിതിയാണ്‌ ഗ്രാമദീപത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ശ്രീ. ഇ.വി. ലക്ഷ്മണൻ മാസ്റ്റർ ലൈബ്രേറിയനായി പ്രവർത്തിക്കുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക