പോത്തേര കല്ലൂര്‍ തറവാട്

പോത്തേര രാമനെഴുത്തച്ഛനാല്‍ സ്ഥാപിതമായെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്താല്‍ നിര്‍മിക്കപ്പെട്ടെതാണ്‌ കൂവേരി സോമേശ്വരി ക്ഷേത്രം. ഈ ക്ഷേത്രത്തെപ്പോലെ തന്നെ പരിപാവനമാണ്‌ ഈ തറവാടും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എട്ടുകെട്ട് തറവാടാണ്‌ ഉണ്ടായിരുന്നത്. പിന്നീട് കാലക്രമത്തില്‍ നാലുകെട്ടും, കിഴക്കിനിയും എന്ന നിലയിലെത്തിച്ചേര്‍ന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ഏകദേശം 150 ഓളം കുടുംബാംഗങ്ങള്‍ മുഴുവന്‍ താമസിച്ചിരുന്നത് ഇവിടുത്തെ 40 ല്‍ പരം മുറികളിലായാണ്‌.

 

വലിയ കോമന്‍, ചെറിയ കോമന്‍, പി.കെ. അനന്തന്‍ എന്ന അപ്പനു നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, കുഞ്ഞപ്പ നമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കുഞ്ഞനന്തന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, ശേഖരന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, നാരായണന്‍ നമ്പ്യാര്‍, കമ്മാരന്‍ നമ്പ്യാര്‍ എന്നിവരായിരുന്നു തറവാട്ടിലെ പ്രധാന ആള്‍ക്കാര്‍.

 

വള്ളിക്കടവു ശ്രീ പുതിയ ഭഗവതി ക്ഷേത്രം തറവാട്ടു വകയായിരുന്നു. പിന്നീട് ജനകീയ കമ്മിറ്റിക്കു ക്ഷേത്രം കൈമാറുകയുണ്ടായി. എഴുത്തച്ഛന്റെ കാലത്ത് തറവാട് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഇപ്പോള്‍ പരദേവതയായ വിഷ്ണുമൂര്‍ത്തി(ചാമുണ്ഡി)യെ കുടിയിരുത്തിയിരിക്കുന്നു. തൊട്ടടുത്ത് കിഴക്കുവശത്തായി വയനാട്ടുകുലവന്‍ ദേവസ്ഥാനവും, വടക്കു വശത്തായി നാഗ പ്രതിഷ്ഠയും തറവാട്ടുവകയായി ഉണ്ട്.

 

തറവാട്ടിലെ ഇപ്പോഴത്തെ മുതിര്‍ന്ന ആള്‍ ഗോവിന്ദന്‍ നമ്പ്യാര്‍ എന്ന കുഞ്ഞമ്പു നമ്പ്യാര്‍ ആണ്‌.

 

കടമ്പൂര്‌ തറവാട്

കൂവേരിയിലെ മറ്റൊരു പ്രധാന തറവാടാണ്‌ 'ആലക്കല്‍ പുതിയവീട്ടില്‍ കടമ്പൂര്' തറവാട്. സാമ്പത്തികമായി ഏറ്റവും ഉന്നതിയില്‍ പോത്തേര കല്ലൂര്‍ തറവാടാണ്‌. അധികാരം കയ്യാളിയത് കടമ്പൂര്‍ തറവാടും. പരമ്പരാഗതമായി അംശം അധികാരി(വില്ലേജ് ഓഫ്ഫിസര്‍) കടമ്പൂര്‍ തറവാട്ട് കാരണവന്മാരായിരുന്നു. അക്കാലത്ത് അന്നത്തെ രണ്ടും മൂന്നും വില്ലേജുകാര്‍ ഒരുമിച്ചായിരുന്നു. അത്തരത്തില്‍ ആദ്യത്തെ അധികാരിയാണ്‌ ഒതേനന്‍ നായര്‍. അദ്ദേഹത്തിന്റെ മരണ ശേഷം കൃഷ്ണന്‍ നായര്‍ക്കു അധികാരം ലഭിച്ചു. കൃഷ്ണന്‍ നായര്‍ക്ക് അഷ്ടാംഗ ഹൃദയം ഹൃദിസ്തമായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ അനുജന്‍ നാരായണന്‍ നായര്‍ കൂവേരി അംശം അധികാരിയായി(എം.ഒ. ഗോവിന്ദന്‍ നമ്പ്യാരുടെ പിതാവ്). കുടുംബത്തില്‍ അവസാനത്തെ അധികാരിയായത് ഇദ്ദേഹത്തിന്റെ മരുമകന്‍ കൂവേരി ഞാറ്റുവയലില്‍ താമസിച്ചിരുന്ന കെ.നാരായണന്‍ നായര്‍(ജൂനിയര്‍) ആയിരുന്നു. പഴയകാലത്ത് കൂവേരിവില്ലേജിന്റെ ആസ്ഥാനം കൂവേരിവയലിനടുത്ത് (ഇന്നത്തെ തേറണ്ടിക്കടവ് ബസ്സ് സ്റ്റോപ്) കടമ്പൂര്‍ തറവാട് ഭവനവും അതാത് അധികാരിയുടെ ഭവനവും ആയിരുന്നു.

 

അന്നത്തെ അധികാരിയെ ഗ്രാമ മജിസ്ട്രേറ്റ്, ഗ്രാമമുന്‍സീഫ്, പൗണ്ട് കീപ്പര്‍ എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെട്ടിരുന്നു. അംശം അധികാരിയുടെ അനുവാദമില്ലാതെ പോലീസിനു ഒരു വ്യക്തിയെ അറസ്റ്റുചെയ്യാന്‍ പറ്റില്ലായിരുന്നു. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കൊടുക്കുവാനുള്ള അധികാരവും ഉണ്ടായിരുന്നു. അംശം പരിധിയില്‍ വെച്ച് നരിയെ വെടിവെച്ച് കൊന്നാല്‍ അധികാരിയുടെ മുന്നില്‍ ഹാജരാക്കി, കത്തിക്കണമായിരുന്നു.

 

ഇന്നത്തെ ഏറ്റവും പ്രായം കൂടിയ കാരണവര്‍ വെള്ളോറയില്‍ താമസിക്കുന്ന ഗോപാലന്‍ നമ്പ്യാര്‍ ആണ്‌. കൂവേരിയില്‍ ദാമോദരൻ നമ്പ്യാരും.

 

ചുരുക്കത്തില്‍, കല്ലൂര്‍ തറവാട്ടുകാര്‍ അധ്യാപകവൃത്തിയിലേക്കും, കടമ്പൂര്‍ വീട്ടുകാര്‍ അധികാരി പദവിയിലേക്കുമാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പോത്തേര കല്ലൂര്‍ വീട് പോത്തേര കല്ലൂര്‍ വീട്

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക