ദേശപ്പഴമ

ഒന്നര നൂറ്റാണ്ട്കാലം മുമ്പ് വരെ ചിറക്കല്‍ താലൂക്കിലെ കുറ്റ്യേരി അംശത്തില്‍ ഉൾപ്പെട്ടതായിരുന്നു കൂവേരിയും, ചുറ്റുമുള്ള പ്രദേശങ്ങളുമെന്ന് ചരിത്രം സാക്ഷ്യപ്പെടുതുന്നുണ്ട്. ഈതേക്കുറിച്ചു കൂടുതല്‍ വസ്തുതകളിലേക്ക്.

ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു അന്നു മലബാര്‍. അറക്കല്‍ രാജവംശത്തിന്‍റെ അധീനതയില്‍ നിന്ന് കൈവശപ്പെടുത്തി, കണ്ണൂര്‍ ആസ്ഥാനമാക്കി ചിറക്കല്‍ താലൂക്കിന്‌ ജന്മം കൊടുക്കുകയായിരുന്നു. മലബാര്‍ ജില്ലയുടെ വടക്കേ അറ്റത്തു കിടക്കുന്ന തെക്കന്‍ കര്‍ണ്ണാടകാതൃത്തിവരെ പരന്നു കിടക്കുന്ന താലൂക്കായിരുന്നു ചിറക്കല്‍. കേരള സംസ്ഥാനം രൂപപ്പെട്ടതിനു ശേഷം താലൂക്ക് പദവി നഷ്ട്പ്പെട്ട ചിറക്കല്‍, ഇപ്പോള്‍ തലശ്ശേരി റവന്യു ഡിവിഷനിലെ കണ്ണൂര്‍ താലൂക്കിന്‍റെ പരിധിയില്പ്പെട്ട 34 വില്ലേജുകളില്‍ ഒന്നാണ്‌

പഴമയുടെ പിന്നാമ്പുറം തേടുമ്പോള്‍ മാഹിയിലെ ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രപ്പറമ്പില്‍ നിന്നും കണ്ടെടുത്ത ശിലാലിഖിതത്തില്‍ കൂവേരിയെക്കുറിച്ച് പരാമര്‍ശിക്കുന്നതായിക്കാണാം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടക്കം ചെയ്യപ്പെട്ട ഈ രേഖയാണ്‌ ചരിത്രത്തില്‍ കൂവേരിയുടെ ഇടം ശാശ്വതമാക്കുന്നത്. "ദേശപ്പഴമ അളന്നു ശിലാലിഖിതം" എന്ന ചരിത്ര വാര്‍ത്തയില്‍ ക്ഷേത്രത്തിന്‍റെ 23 ഭൂസ്വത്തുക്കളെക്കുറിച്ച് പരാമര്‍ശിച്ചതില്‍ കൂവേരിയുടെ പേരും വരുന്നുണ്ട്. ക്രിസ്തുവര്‍ഷം 943ല്‍ മഹോദയപുരം ആസ്ഥാനമാക്കി കേരളം വാണിരുന്ന ചേരരാജാക്കന്മാരില്‍ ഇന്ദുക്കോതയുടെ ഭരണകാലവുമായി അത് ബന്ധപ്പെട്ടുകിടക്കുന്നു.

"ചക്ക, മാങ്ങ, കീക്കല്‌ കേറ്റല്‌ വലിയ രാജ്യം കൂവേരി"

എന്നത്‌ ഈ നാടിനെ സംബന്ധിച്ച് എടുത്തു പറയേണ്ടതാണ്‌. പടിഞ്ഞാറന്‍ പ്രദേശത്തുകാരുടെ ചുണ്ടില്‍ നിന്നും ചുണ്ടിലേക്ക് ചൊല്ലുപോലെ ഈ വരി പ്രവഹിച്ചത് യാഥര്‍ത്ഥത്തില്‍ നിന്നാണ്‌. അരവയര്‍ നിറയാന്‍ പാടുപെട്ടിരുന്ന കാലത്ത്‌ വിശപ്പിനെ പിടിച്ചു നിര്‍ത്തിയത് നമ്മുടെ ചക്കയും മാങ്ങയും തന്നെയായിരുന്നു. അതുകൊണ്ടാണ്‌

"ചക്കേം മാങ്ങേം ആറുമാസം,
അങ്ങനീം ഇങ്ങനീം ആറുമാസം "

എന്ന ചൊല്ലിനു കാരണമായതെന്നു കരുതാം. പൂര്‍വ്വ കാലങ്ങളില്‍ സിംഹഭാഗം സ്ഥലങ്ങളും തളിപ്പറമ്പിലും മറ്റുമുള്ള ചിലരുടെ കയ്യിലായിരുന്നു. ഇവിടെയുള്ള ചില ഉയര്‍ന്ന സമ്പന്നരുടെ അധീനതയിലും നല്ലപങ്ക്‌ ഭൂമിയുണ്ടായിരുന്നു. അതിനു കാരണമായിപ്പറയുന്നത്

"ചക്ക തിന്നാന്‍ തൊപ്പനുണ്ട്‌,
പത്ത് മൂത്ത പുനമുണ്ട്‌
വിറകിനും ബദമില്ല"

എന്ന ആകര്‍ഷകവും, മുദ്രാവാക്യ സമാനമായ ഈ വരികളാണ്‌.

മലയോരം കൊണ്ടും, പുഴയോരം കൊണ്ടും അനുഗൃഹീതമായ ഈ പുണ്യ ഭൂമിയെ 'കേളിയേറീടുന്ന കൂവേരി' എന്നു മുന്‍കാലങ്ങളില്‍ കോല്‍ക്കളിയിലൂടെയും, തോറ്റതിലൂടെയും മറ്റും ആവോളം പാടി പൊലിപ്പിച്ചതായിക്കാണാം.

"കേളിയേറീടുന്ന കൂവേരിയില്‍ നിന്ന്‌ ഇമ്പമായുള്ളൊരു കോലടിചെയ്യുവാന്‍"
എന്നും,
"ആലോകേ വെളിവായി വിളങ്ങി നില്‍ക്കും കൂവേരി"

എന്നുമുള്ള ശീലീല്‍ കളിയാടുന്നത് പെരുമയുടെ മുഴക്കം തന്നെയാണ്‌. പഴയ തലമുറയില്‍പ്പെട്ടവര്‍ കഴിഞ്ഞുപോയ കാലത്തിന്‍റെ ഇത്തരം പാട്ടുകള്‍ മീട്ടുമ്പോഴാണ്‌ നമ്മുടെ ഗ്രാമത്തിന്‍റെ തുടിപ്പും, തനിമയും സമ്പൂര്‍ണമാകുന്നത്‌.

പോത്തേര എഴുത്തച്ഛനും സൂര്യസ്തുതിയും

കൂവേരിയെ കീര്‍ത്തിയുടെ കനക കിരീടം ചൂടിച്ച കീര്‍ത്തിമാനാണ്‌ പോത്തേര രാമനെഴുത്തച്ഛന്‍! പയ്യന്നൂരിന്‍റെ സംസ്കൃത പാരമ്പര്യം എന്ന ലേഖനത്തില്‍ സംസ്കൃത പണ്ഡിതനായ കെ.വി.ആര്‍.പയ്യന്നൂര്‍ പോത്തേര എഴുത്തച്ഛനെ ഉപജീവിച്ചുകൊണ്ട് എഴുതുന്നു:

"അതിമനോഹരമായ സൂര്യസ്തുതിയുടെ കര്‍ത്താവായ പോത്തേര എഴുത്തച്ഛന്‍ പാണ്ഡിത്വത്തിലും കവിത്വത്തിലും ഒരുപോലെ നിപുണനാണ്‌."

തുഞ്ചത്തെഴുത്തച്ഛന്‍റെ സമകാലികനും സുഹൃത്തുമായ ഇദ്ദേഹത്തിന്‍റെ ശരിയായ പേര്‌ എന്തെന്ന്‍ നിശ്ചയമില്ല. ആദ്യകാലം കൂവേരിയില്‍ കഴിച്ചുകൂട്ടിയ എഴുത്തച്ഛന്‍ അന്ത്യകാലത്ത് പയ്യന്നൂരും ബന്ധമുണ്ടായിരുന്നു. സൂര്യസ്തുതി രചിച്ച് മാറാരോഗമായ കണ്ഠമാല മാറ്റിയ അദ്ദേഹം സിദ്ധനായിരുന്നു.

സൂര്യസ്തുതിയിലെ ചിലവരികള്‍ താഴെ ചേർക്കുന്നു.

"ഹരിചരണം പെരിയോനെ ആദിനാഥാ
അമര്‍കളും മുനിമാരും വണങ്ങും പൂര്‍ണ്ണേ
എന്നകത്തേങ്ങെഴുന്നീറ്റുന്നുയിരും നീയേ
തന്നത്താനറിയാ ആ മാനുഷര്‍ക്കെല്ലാം.

താല്‍പര്യം വരുത്തുന്നു തമ്പുരാനേ!
എന്നെക്കൊണ്ടുഴലുമാറ്‌ വരുത്തീടൊല്ലേ
യെളുതായ മാനുഷനായ് ചമച്ചുകൊണ്ട്
നിന്നെയൂന്നി പരലോകം പൂകുന്നുകൊള്‍വാന്‍
നിനക്കടിമ ശ്രീ സൂര്യദേവാ ചരം പൂകുന്നേന്‍

അമ്പരമായെഴുന്നള്ളും വടിവേ പോറ്റി"

പോത്തേരപ്പെരുമയ്ക്ക് തിളക്കമേറുന്നതും സൂര്യസ്തുതിയുടെ കര്‍ത്താവ് എന്ന നിലയ്ക്കാണ്‌. അതിന്‍റെ അകപ്പൊരുള്‍ തേടുമ്പോള്‍ പ്രാചീന ആര്യ സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നതാണ്‌ സൂര്യസ്തുതിയെന്ന്‌ കാണാം. ഋഗ്വേതത്തില്‍ സൂര്യനോട്‌ പ്രാര്‍ത്ഥിക്കുന്ന വരികള്‍ ധാരാളമുണ്ട്. അതിലൊന്ന്‌ കാണുക.

"ഹേ സൂര്യ! അന്ധകാരത്തെ അകറ്റിക്കളയുകയും ലോകത്തിലാകെ വെളിച്ച്അം പരത്തുകയും ചെയ്യുന്ന നിന്‍റെ ഉജ്ജ്വലപ്രകാശം ഞങ്ങളുടെ ദാരിദ്ര്യത്തേയും സ്വർത്ഥത്തേയും എല്ലാത്തരം വേദനകളേയും ദൂരീകരിക്കട്ടെ. അവിദ്യയുടെ ദുസ്വപ്നങ്ങളെ ഉച്ചാടനം ചെയ്യട്ടെ."

ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും സൂര്യനോട് പ്രാര്‍ത്ഥിക്കുന്നത് പ്രാചീനാചാര്യന്മാരുടെ ഇടയില്‍ സര്‍വ്വസാധാരണമായിരുന്നുവെന്നാണിതിന്‍റെ സാരാംശം. ഇതിന്‍റെ സ്വാധീനം തന്നെയാണ്‌ സൂര്യസ്തുതിയും വിളംമ്പരം ചെയ്യുന്നത്.

ഇതില്‍ എമ്പാടും തുടിച്ച് നില്‍ക്കുന്നത് സംസ്കൃതവും മലയാളവും തമിഴും എല്ലാം കൂടിക്കലര്‍ന്ന ഭാഷയാണ്‌. ഒരു കണക്കില്‍ മുപ്പിരിച്ചരട്പോലെ ദൃഢത കൈവരുത്തിയ പ്രയോഗം. മലയാള ഭാഷാ ചരിത്രത്തെ പണ്ഡിതന്മാര്‍ മൂന്നായി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛന്‍റെ കിളിപ്പാട്ട്‌ പ്രസ്ഥാനം നാമ്പെടുത്തതും, നൂതനമായ പല സാമുഹ്യ മാറ്റങ്ങള്‍ക്കും കളമൊരുക്കിയതും ഇക്കാലയളവിലാണെന്ന് പറയാം. വിദേശികളുടെ കടന്നുവരവോടെ പുതിയ കാഴ്ച്ചപ്പാടുകള്‍ ഉടലെടുക്കുകയും തദനുസൃതമായ സാംസ്കാരികബോധം തളിരിടുകയുണ്ടായി. കാലത്തിനേറ്റമാറ്റം സാംസ്കാരികതലത്തിലും വേലിയേറ്റം സൃഷ്ടിച്ചു. തുടര്‍ന്ന് ഭക്തിപ്രസ്ത്ഥാനത്തിന്‌ മുമ്പെങ്ങുമില്ലാത്തവിധം വേരോട്ടമുണ്ടായി. കാലത്തിന്‍റെ മനസ്സറിഞ്ഞ തുഞ്ചത്താചാര്യന്‍റെ എഴുത്താണി വിശ്രമമില്ലാതെ ചലിച്ചു തുടങ്ങി. അതിനെതിരായി ജനഹൃദയത്തില്‍ പ്രകാശം പരത്തിനിന്നു. തുഞ്ചത്തുനിന്ന്‌ തുടങ്ങിയ ശ്രദ്ധേയമായമാറ്റം കൂവേരിക്കരയിലും ആഞ്ഞുചെന്നലച്ചു. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ യഥോചിതം ഉള്‍ക്കൊണ്ട കവിശ്രേഷ്ഠന്‍ പോത്തേര എഴുത്തച്ഛന്‍റെ അകക്കണ്ണില്‍ സൂര്യസ്പര്‍ശമായി ജ്വലിച്ചുനിന്നിരുന്ന അക്ഷരങ്ങള്‍ സൂര്യസ്തവങ്ങളായി പുറത്തേക്കൊഴുകി.

"സംസ്കൃതഭാഷതന്‍ സ്വഭാവികൗജ്വസ്സും, സാക്ഷാല്‍ തമിഴിന്‍റെ സൗന്ദര്യവും ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ"

എന്നു അഭിമാനത്തോടെ പണ്ഡിതപുംഗവന്‍ കാവ്യോപാസന നടത്തി. അതുവഴി കാലഘട്ടം ഏല്പിച്ച ദൗത്യം അദ്ദേഹം സ്വയം നിര്‍വ്വഹിക്കുകയായിരുന്നു. ഒറ്റതിരിഞ്ഞ നക്ഷത്രമായി പരിലസിക്കുന്ന അതുല്യ പ്രതിഭ പോത്തേരയുടെ സൂര്യസ്തുതി നിത്യസത്യമായി ഇപ്പോഴും ജനമനസ്സില്‍ ജീവിക്കുന്നു.

'പയ്യന്നൂര്‍: ചരിത്രവും സമൂഹവും' എന്ന ഗ്രന്ഥത്തില്‍ സൂര്യസ്തുതിയുടെ ഉത്ഭവകഥ ഇങ്ങനെ പരാമര്‍ശിക്കുന്നു:
എഴുത്തച്ഛന്‍റെ മൂലകുടുമ്പം തളിപ്പറമ്പിനടുത്ത, പുഴയോര ഗ്രാമമായ കൂവേരിയില്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതകാലത്തോ അതിനു ശേഷമോ ആ കുടുംമ്പം ആദ്യം കടന്നപ്പള്ളിയിലേക്കും, പിന്നീട് പയ്യന്നൂരിലേക്കും താമസം മാറ്റി.

കൂവേരിയിലെ പടപ്പേങ്ങാട് എന്ന സ്ഥലത്ത്‌ ഒരു ദേവീക്ഷേത്രമുണ്ട്. എഴുത്തച്ഛന്‍ അവിടുത്തെ ഭക്തനും നിത്യാരാധകനുമയിരുന്നു. ആ ദേവീ പ്രതിഷ്ഠയ്ക്ക് പേര്‌ ഉണ്ടായിരുന്നില്ല.

"ശതസോപാനമുനിയാല്‍ പ്രതിഷ്ഠിതയും സതതം പൂജിതയുമായ ദേവി"

എന്നര്‍ത്ഥത്തില്‍ അദ്ദേഹം പ്രതിഷ്ഠയ്ക്ക് സോമേശ്വരി എന്ന്‌ പേരിട്ടു. സോമന്‍റെ ഈശ്വരി എന്ന അര്‍ത്ഥത്തില്‍, "പേരില്ലാത്ത എന്നെ പേര്‌ ചൊല്ലി വിളിച്ചതിനാല്‍ നിനക്ക് ചരടില്ലാത്തമാല സമ്മാനിക്കട്ടെ" എന്ന അശരീരിയായ ശാപവചസ്സുണ്ടാകുകയും അതിനെഴുത്തച്ഛന്‍ "ചരടില്ലാത്തമാല ഞാന്‍ കത്തികൂടാതെ അറുക്കും" എന്ന്‌ മറുപടി നല്‍കുകയും ചെയ്തുവത്രെ. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്‌ കണ്ഠാര്‍ബ്ബുദം പിടിപെട്ടു.

'കൂവേരി അകവും പുറവും' എന്ന ലേഖനത്തില്‍, കണ്ഠമാലയില്‍ നിന്ന്‌ മോചനം ഉപശീര്‍ഷത്തിലൂടെ ആനോത്ത് മുകുന്ദന്‍ വ്യക്തമാക്കുന്നു. ദേവീകോപം ക്ഷണിച്ചുവരുത്തിയ എഴുത്തച്ഛന്‍ തന്നെ ബാധിച്ച കഠിനരോഗത്തെ കത്തി കൂടാതെ അറുക്കുന്നതിന്‌ കോളയാട് കൊടുംകയം തെരെഞ്ഞെടുത്തത് കേവലം യാദൃശ്ചികമായിരുന്നില്ല, പകരം സമൃദ്ധമായ സൂര്യവെളിച്ചവും ഒപ്പം സംശുദ്ധമായ തെളിവെള്ളവൗം കിട്ടാവുന്ന ഒരിടം എന്ന നിലയിലായിരിക്കണം. ഒരു ബുദ്ധിപൂര്‍വ്വമായ നീക്കം......!!!

സൗരോര്‍ജ്ജവും പച്ചവെള്ളവും രോഗചികിത്സയില്‍ ചെലുത്തുന്ന സ്വധീനം ആരോഗ്യശാസ്ത്രപരമെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്. ശാസ്ത്രീയവസ്തുതകളുടെ പ്രസക്ത്ഭാഗത്തിലേക്ക്:

"കാന്‍സര്‍ ചികിത്സയില്‍ സൗരോര്‍ജ്ജം മതിയെന്ന പുതിയ കണ്ടെത്തല്‍ സമീപകാലത്ത് ഉണ്ടായിരുന്നു. ഇസ്രായേലിലെ ബെൻഗുരിഗോൺ യൂണിവേര്‍സിറ്റി നടത്തിയ പഠന ഗവേഷണങ്ങളാണ്‌ ഇതുസംബന്ധിച്ച നൂതന സാദ്ധ്യതകള്‍ തുറന്നുതന്നിരിക്കുന്നത്. കാന്‍സര്‍മുഴകളുടെ അന്തകനായി സൗരോര്‍ജ്ജം മതിയെന്ന ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തല്‍ കൗതുകത്തോടൊപ്പം പ്രതീക്ഷയും നല്കുന്നു.

സാന്ദ്രീകരിച്ച(concentrated) സൂര്യരശ്മികള്‍ക്ക് കാന്‍സര്‍ മുഴകളില്‍ ലേസര്‍രശ്മികളെപ്പോലെ പ്രവര്‍ത്തിക്കാനാകും എന്നതാണ്‌ ഈ ചികിത്സയുടെ സവിശേഷത. ലേസര്‍ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് വന്‍തുകകള്‍ മാറ്റിവയ്ക്കേണ്ടിവരുമെങ്കില്‍ സൗരോര്‍ജ്ജത്തിന്‍റെ കാര്യത്തില്‍ ചെലവ് തീരെ കുറവാണ്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത. 60°C ചൂടില്‍ കാന്‍സര്‍മുഴകളെ ചുട്ടെരിക്കുന്ന നൂതന വിദ്യയാണ്‌ പുതിയ കണ്ടെത്തലിലൂടെ അനാവൃതമാകുന്നത്."

അടുത്തകാലത്ത് വന്ന ഈ പഠനം (മുകളില്‍) വ്യക്തമാക്കുന്നത് കാന്‍സര്‍ ചികിത്സയില്‍ സൂര്യരശ്മികളുടെ പങ്ക് എടുത്തുപറയത്തക്കതാണ്‌. എന്നാല്‍ ഈ മാസ്മരിക പ്രഭാവംകൊണ്ട് രോഗശമനം സാദ്ധ്യമാണെന്ന് സിദ്ധന്‍ കൂടിയായ പോത്തേര എഴുത്തച്ഛന്‌ നേരത്തേഅറിയാമായിരുന്നോ? അതേ, അതുകൊണ്ടാണല്ലൊ അമ്പത്തൊന്ന് തണ്ടുള്ള ഉരിയിലിരുന്ന് സൂര്യസ്തുതി ഉരുവിട്ടുകൊണ്ട് സൂര്യപ്രകാശം സ്വയം ഏറ്റുവാങ്ങാന്‍ സന്നദ്ധനായത്. ഉപചികിത്സ എന്ന നിലയില്‍ ജലവുമായുള്ള സമ്പര്‍ക്കവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ നിത്യേന പുഴയില്‍നിന്നുള്ള ശീതജലസ്നാനവും മുടങ്ങിയിരുന്നില്ല. ജലസ്നാനംകൊണ്ട് രോഗം ഭേദമാക്കാന്‍ പുരാതന റോമിലെ അന്റോണിയോ മൂസ എന്ന ജലചികിത്സകന്‌ കഴിഞ്ഞിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അഗസ്റ്റസ് ചക്രവര്‍ത്തിയുടെ രോഗമാണ്‌ ജലധാരയിലൂടെ അദ്ദേഹം നിശ്ശേഷം മാറ്റിയതെന്നും പ്രസ്താവിക്കുന്നുണ്ട്.

ജലചികിത്സകര്‍ വെള്ളത്തെ രോഗിയില്‍ പ്രയോജനപ്പെടുത്തുന്നത് ചൈതന്യപുനരുജ്ജീവനം തുടങ്ങി ദാഹശമനം വരെയുള്ള പതിനാല്‌ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്‌ വേണ്ടിയാണ്‌. ഇതറിയുമ്പോള്‍ ജലത്തിന്‍റെ മാഹത്മ്യവും അനശ്വരതയും അനുഭവതലത്തില്‍ ഉയര്‍ന്നുനില്ക്കുന്നു.

കുപ്പം പുഴയും, കൂവേരിയും

'തളിപ്പറമ്പ് പുഴ'യെന്ന് ഇംഗ്ലീഷ് ചരിത്രകാരന്‍ വില്യം ലോഗന്‍ 1887 ല്‍ കുപ്പം പുഴയെ വിളിച്ചുപോന്നു, നാം കൂവേരിപ്പുഴയെന്നും. നമ്മുടെ സമൃദ്ധിക്കും ഐശ്വര്യത്തിനും വിളനിലമായ ഈ പുഴ കണ്ണൂര്‍ ജില്ലയിലെ ഒരു സുപ്രധാന പുഴയാണ്‌. പൈതല്‍(വൈതല്‍) മലയുടെ പടിഞ്ഞാറെ ചരിവില്‍നിന്ന് ആരംഭിച്ച് വളപട്ടണം പുഴയുമായി സംഗമിക്കുന്നു. കുപ്പം പുഴയുടെ നീളം 82കി.മീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൂഷിക വംശത്തിലെ 14​‍ാമത് സര്‍ഗ്ഗത്തിലെ കിള്ളാ എന്നപദം കുപ്പം പുഴയെയാണ്‌ എടുത്തുകാട്ടുന്നതെന്ന് എടുത്തുപറയുന്നുണ്ട്‌. കുപ്പം എന്നാല്‍ ചെറുകാട് എന്നാണര്‍ത്ഥമെന്നും കിള്ള എന്നാല്‍ ചെറിയത് എന്നാണര്‍ത്ഥമെന്നും ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ഈ പുഴയിലെ പ്രധാനകടവുകളിലൊന്നായ കൂവേരിക്കടവിനെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ ഐ.ദിവാകരന്‍ ഇങ്ങനെ ഇങ്ങനെ എഴുതുന്നു:

“മലയോരത്തിന്‍റെ വികസനത്തിന്‌ തിരിതെളിയിച്ച ആലക്കോട് രാമവര്‍മ്മ രാജ ആദ്യമായി മലബാറിലെത്തിയപ്പോള്‍ കൂവേരിക്കടവിലായിരുന്നു വന്നിറങ്ങിയത്. അതിനുശേഷം കര്‍ഷകര്‍, പിന്നീടൊരു ജനതതന്നെ ഇതുവഴി കടന്നുപോയി. കൂടിയേറ്റകര്‍ഷകര്‍ എത്തും മുമ്പ് പടപ്പേങ്ങാട് നമ്പിടിയാനം, തലവില്‍, പാണപ്പുഴ തുടങ്ങിയ പ്രദേശങ്ങളുടെ അധികാരികളായി വാണിരുന്ന വേങ്ങയില്‍ നായനാന്മാരും പുറംലോകവുമായി ബന്ധപ്പെടുവാന്‍ ഉപയോഗിച്ചിരുന്നത് കൂവേരിക്കടവിനെയായിരുന്നു.

പിന്നീട് തടിക്കടവ്, കരിങ്കയം, കരിപ്പാല്‍, പെരുമ്പടവ്, തിമിരി തുടങ്ങിയ പ്രദേശങ്ങളിലെ കാര്‍ഷികോല്പ്പന്നങ്ങള്‍ പുറംലോകത്തെത്തിയതും ഇതുവഴിയായിരുന്നു.

അന്നൊക്കെ ആരുടേയും നിയന്ത്രണത്തിലല്ലായിരുന്ന കടത്ത് ഒരു ത്യഗമോ, സേവനമോ ആയിരുന്നു. പരേതനായ കൊളങ്ങരേത്ത് കണ്ണനും, അദ്ദേഹത്തിന്‌ ശേഷം കാവിലെവളപ്പില്‍ ഒതേനനുമായിരുന്നു ആദ്യകാല കടത്തുകാര്‍ എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. 1940കള്‍ക്ക് ശേഷം കൂവേരി പഞ്ചായത്ത് നിലവില്‍വന്നപ്പോഴാണ്‌ കടത്ത് പഞ്ചായത്ത് അധീനതയിലായതും ഇത് ലേലത്തില്‍ നല്കുവാന്‍ തുടങ്ങിയതും. അന്നുമുതല്‍ 1997 വരെ കുളങ്ങരേത്ത് കുഞ്ഞിക്കണ്ണനായിരുന്നു കടത്ത് ലേലം കൊണ്ടിരുന്നത്. ദശാബ്ദക്കാലത്തോളം പുഴയുടെ ഗതിവിഗതിക്കള്‍ക്കനുസരിച്ച് കൂവേരിക്കടവില്‍ കുഞ്ഞിക്കണ്ണന്‍റെ വള്ളം ജനങ്ങളെ അക്കരെയിക്കരെ എത്തിച്ചു. ഇതിനുശേഷം ജനകീയാസൂത്രണപദ്ധതി പ്രകാരം നാട്ടുകാരൊന്നിച്ച് പുഴയില്‍ തടയണ നിര്‍മ്മിച്ചപ്പോള്‍ അല്പകാലത്തേക്ക് ഇവിടെ കടത്ത് ആവശ്യമില്ലാതായി.”


 

ഭാകികമായ ചിലകാര്യങ്ങള്‍കൂടി ഇവിടെ പ്രതിപാദിക്കാം. ജലഗതാഗതത്തിന്‍റെ വന്‍ സാദ്ധ്യതകള്‍ കണ്ടറിഞ്ഞതോടെ 1942 മുതല്‍ക്കാണ്‌ മോട്ടോര്‍ ബോട്ട്ര്‍വ്വീസ് ആരംഭിച്ചത്. രയരപ്പന്‍ എന്നപേരിലുള്ള ബോട്ടാണ്‌ ആദ്യത്തേത്.ജനങ്ങള്‍ക്ക് യഥേഷ്ഠം സഞ്ചാരസുഖം പ്രദാനം ചെയ്യുന്നതിനാല്‍ കുപ്പം, പട്ടുവം, ഏഴോം, കാവിന്മുനമ്പ്, പഴയങ്ങാടി, വളപട്ടണം, പരശ്ശിനിക്കടവ് തുടങ്ങിയ പ്രദേശങ്ങളുമായി എളുപ്പം ബന്ധപ്പെടാമെന്നായി. 12ഓളം ബോട്ടുകളുടെ സേവനം ലഭ്യമായതോടെ കൂവേരിക്കു മറ്റുപ്രദേശങ്ങളേക്കാൾഉം ഒരു പ്രൗഢിയൊക്കെ ഏതാണ്ട് കൈവന്നു. കൂവേരിക്കടവ് തിരക്കുപിടിച്ച കവാടപ്രദേശമായിമാറി. എന്നാല്‍ അധികകാലം യാത്രയും മറ്റ് സൗകര്യങ്ങളും പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല. കാലത്തിന്‍റെ തിരക്കുപിടിച്ച ഓട്ടത്തില്‍ പിടിച്ചുനിര്‍ത്താനാവാതെ ജലഗതാഗതം നിശ്ശേഷം താറുമാറാകുകയായിരുന്നു. പിന്നീടു കൂവേരിയുടെ യാത്ര റോഡ് മാര്‍ഗ്ഗം മാത്രമായി.

കഥയിലുറങ്ങുന്ന കൂവേരി

കഥയിലുറങ്ങുന്ന കൂവേരിയോ? തലക്കെട്ട് കാണുമ്പോൾ അങ്ങനെയൊരു ചോദ്യം ചിലരെങ്കിലും തൊടുത്തുവിട്ടേക്കാം. ന്യായവും സ്വാഭാവികവുമായ ചോദ്യവുമാണത്. അന്വേഷണബുദ്ധിയുടെ തിളക്കമുണ്ട് ആ ചോദ്യത്തിന്‌ താനും. ഇനി വിശദമാക്കാം. നൂറ്റാണ്ട് പിന്നിട്ട മലയാള കഥാസാഹിത്യത്തിൽ കൂവേരി പശ്ചാത്തലമാക്കി ഒരു പ്രശസ്ത കഥ സ്ഥാനം പിടിച്ചിരുന്നു. നീണ്ട 118 വര്‍ഷത്തിന്റെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും അതു ആസ്വാദ്യതയിലും പ്രശസ്തിയിലും മുടിചൂടാമന്നനായി നിലനില്‍ക്കുന്നുണ്ട്. ഏതാണപ്പാ ആ കഥയെന്നാവും ഇപ്പോഴത്തെ ചോദ്യം. മലയാളത്തിലെ ആദ്യ കഥയുടെ പേര്‌ വാസനാവൃകൃതിയെന്നാണല്ലോ. അതെഴുതിയത് കേസരി-വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ്‌. ആദ്യകാല കഥാകാരനായ ഈ പൊന്നുതമ്പുരാന്റെ രണ്ടാമത് സൃഷ്ടി മേനോക്കിയെ കൊന്നതാരാണ്‌ എന്ന പേരിലാണ്‌ പ്രസിദ്ധീകൃതമായത്. ആ ശ്രദ്ധേയമായ കഥയിലാണ്‌ കൂവേരി ഗ്രാമം പരാമൃഷ്ടമാകുന്നത്.

 

1893 - മെയ് മാസം വിദ്യാവിനോദിനി മാസികയില്‍ (പുസ്തകം 4 നമ്പര്‍ : 7) അച്ചടിച്ചുവന്ന ആ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്‌:

ഈ കഴിഞ്ഞ കന്നി പതിനൊന്നാം തീയതി ശനിയാഴ്ച അരുണോദയത്തിന്‌ മുമ്പ് തിരുവട്ടൂര്‌ നിന്ന് സാള്‍ട്ട് ഇൻസ്പെക്ടര്‍ കൃഷ്ണമേനോക്കി യാത്രയ്ക്ക് പുറപ്പെട്ടപ്പോള്‍ കുട്ടിക്ക് മുലകൊടുത്തും കൊണ്ടിരിക്കുന്ന തന്റെ ഭാര്യ ”ഇന്നെവിടത്തേയ്ക്ക് ഇത്ര നേരത്തെ“ എന്നു ചോദിച്ചു. ”കൂവേരിയെക്കൂടി ഒരിക്കല്‍ ഏര്യത്തോളം പോയിട്ടുവരണം. സന്ധ്യയ്ക്കുമുമ്പുതന്നെ മടങ്ങിയെത്തും“ എന്ന് പറഞ്ഞ് കുട്ടിയെടുത്തു ഒന്നു ചുംബിച്ചു. ”ശനിയാഴ്ചയായിട്ട് വടക്കോട്ട് നന്നല്ല. ചീത്തവഴിയുമാണ്‌. നന്നാ സൂക്ഷിക്കണം. അധികം താമസിക്കരുത്“ എന്ന്‌ ലക്ഷിപറഞ്ഞപ്പോള്‍ ”ഏ് ഒന്നും സൂക്ഷിക്കാനില്ല. ശനി ഉഷ സർവ്വസിദ്ധി എന്നല്ലേ പറഞ്ഞിട്ടുള്ളത്“ എന്ന് മറുപടിയും പറഞ്ഞ് തനിക്കുവരാന്‍ പോകുന്ന അത്യാപത്തിനെപ്പറ്റി സ്വപ്നേപി യാതൊരറിവും ഇല്ലാതെ അസ്തമനത്തിനു മുമ്പായിത്തന്നെ തീര്‍ച്ചയായി മടങ്ങിയെത്തുമെന്നുള്ള വിചാരത്തോടുകൂടി മേനോക്കി മേനോക്കിയുടെ പാട്ടിനും ഭാര്യ അകത്തേക്കും പോയി

 

 

അക്കാലത്തെ സര്‍ക്കാർ ജീവനക്കാരനായ സാള്‍ട്ട് ഇന്‍സ്പെക്ടര്‍ കൃഷ്ണമേനോക്കി തന്റെ ജോലിയുടെ ഭാഗമായി വനാന്തരപ്രദേശത്തുകൂടെ സഞ്ചരിക്കുന്നിതിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നതും തുടർന്നുണ്ടാവുന്ന ചില സംഭവങ്ങളുമാണ്‌ പ്രമേയം. മലയാളത്തിലെ പ്രഥമ അപസര്‍പ്പക നർമ്മകഥയാണ്‌ ഇവിടെ എടുത്തുകാട്ടപ്പെടുന്നത്.

 

കഥയെക്കുറിച്ചല്ല, കഥാകാലത്തെക്കുറിച്ചാണ്‌ ഇവിടെ വിഷയമാക്കുന്നത്. ചിറക്കല്‍ താലൂക്കിലെ തളിപ്പറമ്പ് ഫര്‍ക്കയിലെ കുറ്റ്യേരി അംശം കൂവേരി ദേശത്തില്‍ പെട്ട സ്ഥലമാണ്‌ കഥയില്‍ എടുത്തുകാട്ടുന്നത് എന്ന് പറയാം. അതുകൊണ്ട്തന്നെ കഥ കൂവേരിയുടെ ഭാഗമായി മാറുന്നു. മറ്റൊരുകാര്യം അക്കാലത്ത് ഇന്നാട്ടു ഗ്രാമത്തിന്റെ ചുറ്റുവട്ടത്തിലുള്‍പ്പെട്ട ഭൂരിഭാഗം സ്ഥലങ്ങളും വേങ്ങയില്‍ തറവാട്ടുകാരുടെ വകയായുള്ളതാണെന്നും കാണാം. അതുകൊണ്ട് കൂടിയാവണം കഥയുടെ പശ്ചാത്തലം ഈ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചു നിന്നത്. ഗ്രാമപ്പഴമയുടെ മഹനീയമായ ഏടിലേക്ക് തുറക്കപ്പെടുന്ന മറ്റൊരദ്ധ്യായമായി ഈ അക്ഷരസാക്ഷ്യം എന്നെന്നും നിലനില്‍ക്കുകതന്നെ ചെയ്യും.

 

-ആനോത്ത് മുകുന്ദന്‍
കൂവേരി
0460 2270487

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക