ഐവളപ്പ്‌ മുത്തപ്പന്‍ മടപ്പുര, ഐവളപ്പ്‌

കൂവേരി ഐവളപ്പ് പറമ്പിൽ സ്ഥിതിചെയ്യുന്നു. മലയാള വർഷം 1098ൽ രാമൻമൂപ്പനായിരുന്നു സ്ഥലത്തിന്റെ ഉടമ. 1108 ചിങ്ങം 11ന്‌ രാമൻമൂപ്പൻ മരുമക്കളായ കോരൻ മടയൻ, ഉറുവാടൻ എന്നിവർക്ക് ഉടമസ്ഥാവകാശം കൈമാറി. പിന്നീട് കോരൻമൂപ്പൻ, തന്റെ മരുമക്കളായ കൊട്ടൻ, കോരൻ, ഗോവിന്ദൻ, ഉറുവാടൻ, ഗോപാലൻ എന്നിവർക്ക് മടപ്പുരയും, പരിസരവും കൈമാറി.

‘മീത്തലെ പുരയിൽ’ എന്ന തീയ്യ തറവാട്ടുവകയായ ഈ മടപ്പുര 1992ൽ മീത്തലെ പുരയിൽ ഗോപാലന്റേതായി. പിന്നീട് അദ്ദേഹത്തിന്റെ മക്കളായി ഇതിന്റെ അവകാശികൾ. അടിയന്തരങ്ങളും, പൂജകളും നടത്തുന്നത് മടയനും, കലശക്കാരനുമാണ്‌. കോലം കെട്ടുന്നത് വണ്ണാന്മാരും.

പറശ്ശിനിക്കടവിൽ നിന്നാണ്‌ ശ്രീ മുത്തപ്പൻ വന്നെത്തിയതെന്ന് വിശ്വസിക്കുന്നു. നിത്യവും സന്ധ്യാപൂജ നടത്തുന്ന ഈ കാവിൽ സംക്രമ ദിവസം പൈങ്കുറ്റിയും കന്നിസംക്രമത്തിന്‌ പുത്തരിവെള്ളാട്ടവും, വർഷംതോറും വൃശ്ചികം 26നു തിരുവപ്പന വെള്ളാട്ടവും നടത്തുന്നു.

ഇന്ന്‌ എം.പി. ഗോപാലന്റെ മൂത്തമകനായ പ്രൊഫ: പി. ലക്ഷ്മണനാണ്‌ ക്ഷേത്രനടത്തിപ്പിന്‌ നേതൃത്വം കൊടുക്കുന്നത്. കലശം എഴുന്നള്ളിപ്പിന്‌ തട്ട് ചമയിക്കാൻ കാതിയനോ മാറ്റ്‌തുണി കൊണ്ടുവരാൻ വണ്ണാത്തിയൊ ഇന്നില്ല. പുതുതയി പലമടപ്പുരകളും പ്രാദേശിക കമ്മിറ്റികൾ മുൻകൈ എടുത്ത് സ്ഥാപിക്കുന്നതും, ബഹുജനപങ്കാളിത്തത്തോടെ ഉത്സവം നടത്തുന്നതും, പുരാതനമായ ഈ പുണ്യക്ഷേത്രത്തിന്റെ പ്രാധാന്യം കുറച്ചിട്ടുണ്ട്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക