യുവജന വായനശാല & ഗ്രന്ഥാലയം (13 TPA 4554) , കൂവേരി

കൂവേരിയുടെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജന്മി കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശമായിരുന്നു കൂവേരിവയല്‍. വെള്ളരിക്കണ്ടം എന്നറിയപ്പെട്ടിരുന്ന വിശാലമായ നെല്‍വയലുകലള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നതുകൊണ്ടായിരിക്കാം ഈ പ്രദേശത്തെ ‘കൂവേരി വയല്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.

 

ഐക്യ കേരള രൂപീകരണത്തെത്തുടര്‍ന്ന് രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടേയും കേരള ഗ്രന്ഥശാലാ സംഘത്തിന്റേയും ആവിർഭാവം കൂവേരിവയലിലെ യുവമനസ്സുകളെ സ്വാധീനിച്ചതിന്റെ ഫലമായാണ്‌ ഒരു ഗ്രന്ഥാലയം സ്ഥാപിക്കണമെന്ന ആശയം രൂപംകൊള്ളുന്നത്. അതിന്റെ ഫലമായി കൂവേരിക്ക് അതിന്റെ വൈജ്ഞാനിക-സാംസ്കാരിക മണ്ഡലത്തിന്‌ ലഭിച്ച വരദാനമാണ്‌ ‘യുവജന വായനശാല & ഗ്രന്ഥാലയം’.

 

എം.ഒ. ഗോവിന്ദൻ നമ്പ്യാര്‍, പി.വി. ഗോപാലന്‍ നമ്പ്യാര്‍, പി. വേലായുധന്‍ മാസ്റ്റര്‍, ആലന്തട്ട കണ്ണന്‍, മാങ്കീല്‍ കുഞ്ഞമ്പു, കാനമഠത്തില്‍  അമ്പു എന്ന രാമന്‍, കാഞ്ഞിരക്കോല്‍ കൃഷ്ണന്‍ നമ്പ്യാര്‍, വയലില്‍ കുഞ്ഞമ്പു എന്നിവരുടെ ആശയ സാക്ഷാത്കാരം കൂടിയാണ്‌ ഈ സ്ഥാപനം. പി.കെ. അനന്തന്‍ നമ്പ്യാര്‍ എന്ന അപ്പനു നമ്പ്യാര്‍ സംഭാവനയായി നൽകിയ സ്ഥലത്താണ്‌ 1973ല്‍ ഗ്രന്ഥാലയത്തിന്‌ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചത്. ഈ സ്ഥാപനത്തിന്റെ വളര്‍ച്ച എന്നത് ഈ പ്രദേശത്തെ വായനയുടെ വളര്‍ച്ചയാണ്‌ - ദിശാബോധത്തോടുകൂടിയുള്ള സാമൂഹിക ബോധത്തിന്റെ തെളിവാണ്‌.

 

ആറായിരത്തില്‍പരം പുസ്തകങ്ങളും 350ഓളം മെമ്പര്‍മാരുമുള്ള ഈ സ്ഥാപനത്തിന്‌ ഇന്ന്‌ കേരള സ്റ്റേറ്റ് ലൈബ്രറി കൗസിലിന്റെ ‘B’ ഗ്രേഡ് അംഗീകാരവും, ഫോക്‍ലോര്‍ അക്കാദമിയില്‍ അംഗത്വവും ഉണ്ട്.

 

കണ്ണന്‍ കുന്തിരികുളത്തിന്റെ ‘ഉറവ്’ എന്ന കവിതാസമാഹാരം നേരിട്ട് പ്രസിദ്ധീകരിച്ച് പ്രസാധക രംഗത്തേക്കും ‘യുവജന’ കാലെടുത്ത്‌വെച്ചിട്ടുണ്ട്. ഇതു കേരളത്തിലെതന്നെ ഏതെങ്കിലുമൊരു ഗ്രന്ഥാലയത്തിന്റെ ആദ്യ സംരംഭമാണ്‌.

 

കലാസാംസ്കാരിക രംഗങ്ങളിലെന്നപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കാര്‍ഷിക മേഖലയിലും ഈ ഗ്രന്ഥാലയം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കായിക രംഗത്തും ഈ ഗ്രന്ഥാലയത്തിന്‌ സമ്പന്നമായൊരു ഭുതകാലം അവകാശപ്പെടാവുന്നതാണ്‌. ഇന്‍ഡ്യന്‍ മിലിട്ടറിയുടെ സ്പോര്‍ട്ട്സ് രംഗത്തെ അതുല്യപ്രതിഭയായിരുന്ന പി.എന്‍. നമ്പ്യാര്‍, പി.വി. ദാമോദരന്‍ മാസ്റ്റര്‍ എന്നിവർ വോളിബോളില്‍ കൂവേരിയില്‍ മാത്രമല്ല സമീപപ്രദേശങ്ങളിലും ഏറെ പ്രശസ്തരായിരുന്നു. ഈ ഗ്രന്ഥാലയത്തിന്റെ വളര്‍ച്ച എന്നുള്ളത് എം.ഒ. ദാമോദരൻ നമ്പ്യാര്‍, എം.ഒ. ശ്രീധരൻ നമ്പ്യാര്‍, കെ.വി. കണ്ണൻ മാസ്റ്റര്‍, കെ.വി. രാഘവൻ, പി.വി. രാമചന്ദ്രൻ മാസ്റ്റര്‍, കെ. ബാലഗോപാലൻ മാസ്റ്റര്‍, പി.വി. ശ്രീധരൻ മാസ്റ്റര്‍, കെ.വി. പവിത്രൻ, ടി.പി. ദാമോദരൻ, പി.പി. രാഘവൻ, എം. സുകുമാരൻ എന്നിവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുമായി കൂട്ടിവായിക്കാവുന്നതാണ്‌.

 

നാടക രംഗത്തെ പ്രതിഭകളായ കാടൻ മാസ്റ്റര്‍, സി.വി.എൻ. ഇരിണാവ്, ധര്‍മൻ ഏഴോം, വിജയൻ പാളിയത്ത് വളപ്പ്, വിജയൻ കടമ്പേരി, രജിത മധു, വാസു ടെയ്‌ലര്‍, കെൽട്രോൺ നാരായണൻ എന്നിവര്‍ ഈ ഗ്രന്ഥാലയത്തിന്റെ നാടക പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ വാണിദാസ് എളയാവൂര്‍, പയ്യന്നൂര്‍ കുഞ്ഞിരാമൻ മാസ്റ്റര്‍, നാലാപ്പാടം പത്മനാഭൻ, എം. പത്മനാഭൻ മാസ്റ്റര്‍, ഇ. കുഞ്ഞമ്പു മാസ്റ്റര്‍, വി.പി. മഹേശ്വരൻ മാസ്റ്റര്‍ തുടങ്ങിയ സാംസ്കാരിക രംഗത്തെ മഹത്‌വ്യക്തിത്വങ്ങൾക്ക് ആതിഥ്യമരുളാനും ഈ ഗ്രന്ഥാലയത്തിന്‌ സാധിച്ചിട്ടുണ്ട്.

 

പി.പി. നാരായണൻ നമ്പ്യാര്‍ പ്രസിഡന്റും, വി.വി. ശ്രീകാന്ത് സെക്രട്ടറിയും, എ.പി.കെ. അരവിന്ദാക്ഷൻ, പി.വി. ഭാസ്കരൻ, എ. നിശാന്ത്, കെ. തമ്പാൻ, കെ. സിജു, പി.ടി. ഷാജീവൻ, കെ. രഞ്ജിത്ത് എന്നിവർ എക്സിക്യൂട്ട് മെമ്പര്‍മാരുമായ കമ്മിറ്റിയാണ്‌ ഇപ്പോൾ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്‌.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക