ജവഹര്‍ വായനശാല & ഗ്രന്ഥാലയം (റെജി. നം: TPA/4055), കൂവേരി

പുരോഗമന സാംസ്കാരിക പൈതൃകത്തിന്റെ അക്ഷയഖനി എന്ന് വിശേഷിപ്പിക്കാവുന്ന കൂവേരിയുടെ സാമൂഹിക സാംസ്കാരിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചുകൊണ്ട് ഈ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായി നാല്‌ പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്‌ ജവഹർ സ്മാരക ഗ്രന്ഥശാല. 1969-ലാണ്‌ വായനശാല സ്ഥാപിച്ചത്. ശ്രീ. പാറയിൽ നാരായണൻ, ശ്രീ. സി.വി. കുഞ്ഞിരാമൻ തുടങ്ങിയവരുടെ ശ്രമഫലമായി ശ്രീ. ഐ. കുഞ്ഞിരാമൻ മാസ്റ്ററുമായി ബന്ധപ്പെട്ട് 1969-ലെ വിഷുദിനത്തിൽ കൂവേരി ആര്യവൈദ്യസദനത്തിൽ വിളിച്ച്ചേർത്ത നാട്ടുകാരുടെ യോഗത്തിൽവെച്ച് ശ്രീ. പി. നാരായണൻ സെക്രട്ടറിയും, ശ്രീ. ഐ.കെ. മാസ്റ്റർ പ്രസിഡന്റായും കമ്മിറ്റി രൂപവല്ക്കരിച്ചു. കൂവേരിക്കടവിലുള്ള ശ്രീ. കെ.വി. കുഞ്ഞിക്കണ്ണന്റെ കെട്ടിടത്തിൽ വായനശാല ആരംഭിച്ചു. പിന്നീട് ശ്രീ. സി.വി. ഗോവിന്ദൻ സംഭവന ചെയ്ത മൂന്ന് സെന്റ് സ്ഥലത്ത് ചെറിയ കെട്ടിടം നിർമ്മിച്ചു. 1972 ൽ ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരം ലഭിച്ചു. ശ്രീ. ഐ.കെ. മസ്റ്റർ, ശ്രീ. കെ. മാധവൻ മാസ്റ്റർ, ശ്രീ. പി.നാരായണൻ, ശ്രീ. പി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. കെ.വി. ബാലൻ മാസ്റ്റർ, ശ്രീ. പി. ലക്ഷ്മണൻ, ശ്രീ. പി. ശ്രീധരൻ എന്നിവർ നേതൃത്വപരമായ പങ്ക്‌ വഹിച്ചിട്ടുണ്ട്. ഈ ഗ്രന്ഥാലയത്തെ ചപ്പാരപ്പടവ് പഞ്ചായത്തിലെ തന്നെ ഏറ്റവും നല്ല ലൈബ്രറിയായി മാറ്റുന്നതിന്‌ പ്രസിഡന്റ് എന്ന നിലയിൽ പരേതനായ ഡോ: ടി. രാധാകൃഷ്ണന്റെ പങ്ക് വിസ്മരിക്കത്തക്കതാണ്‌.

 

ആദ്യകാലത്ത് സംഭാവനകൾ പിരിച്ചും, സിനിമാ പ്രദർശനങ്ങൾ നടത്തിയും മറ്റുമാണ്‌ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിച്ചിരുന്നത്. ഇന്നു ‘B’ ഗ്രേഡിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്‌ നാലുലക്ഷം രൂപ വിലമതിക്കുന്ന ഇരുനിലക്കെട്ടിടമുണ്ട്. രണ്ട് ലക്ഷത്തിലധികം വിലമതിക്കുന്ന ആറായിരത്തിലധികം പുസ്തകങ്ങളുള്ള ഇവിടെ കൃഷിവന പുസ്തക കോർണ്ണറും ബാലവിഭാഗവും പ്രവർത്തിക്കുന്നു. വീടുകളിൽ പുസ്തകമെത്തിക്കുന്ന സഞ്ചരിക്കുന്ന ലൈബ്രറിയും കൂവേരി ഗവർണ്മെന്റ് എൽ.പി. സ്കൂളീൽ സ്റ്റുഡന്റ്സ് കോർണ്ണർ സ്ഥപിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്തകമെത്തിക്കുന്ന സംരംഭവും തുടങ്ങിയിട്ടുണ്ട്.

 

അഞ്ച് ദിനപ്പത്രങ്ങളും നിരവധി ആനുകാലികങ്ങളും വായനക്കാർക്ക് എത്തിച്ചുകൊടുക്കുന്നു. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജനകീയ അംഗീകാരമുള്ള നിരവധി സാമൂഹിക സേവനങ്ങൾ നടത്തിയിട്ടുണ്ട്‌. വർഷങ്ങൾക്ക് മുമ്പ്തന്നെ രക്തഗ്രൂപ്പ് നിരണ്ണയ ക്യാമ്പ് നടത്തി, രക്തദാനസേന രൂപീകരിച്ച് നിരവധി രോഗികൾക്ക് രക്തദാനം നടത്തി. അന്യം നിന്നുപോകുന്ന നാടൻ കലാരൂപങ്ങളായ പടയണി, കോതാമൂരി, ഗന്ധർവ്വൻ പാട്ട്, ചിമ്മാനക്കളി, നിണബലി തുടങ്ങിയവ ഓണാഘോഷ പരിപാടികളിലൂടേയും മറ്റും പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും ഗ്രന്ഥശാല ശ്രമിക്കുന്നു. വർഷങ്ങളോളം എം.പി. ഗോവിന്ദൻ സ്മാരക റോളിങ്ങ് ട്രോഫിക്ക്വേണ്ടി കൂവേരിക്കടവിൽ വൻ ജനപങ്കാളിത്തത്തോടെ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ കിടയറ്റ സാഹിത്യ-രാഷ്ട്രീയ നായകന്മാരെ പങ്കെടുപ്പിച്ച് നടത്തിയ വിവിധ സെമിനാറുകൾ, സാഹിത്യ സമ്മേളനങ്ങൾ, തുടർസാക്ഷരതാ പ്രവർത്തനം, ശാസ്ത്ര ക്ളാസ്സുകൾ, സൗജന്യ PSC കോച്ചിങ്ങ് ക്ളാസുകൾ, SSLC ട്യൂഷൻ, നാടക സംവാദം, പ്രസംഗ പരിശീലന കളരി, ചലച്ചിത്രോത്സവം വിവിധ മേഖലകളിൽ പ്രാവീണ്യവും പ്രാഗത്ഭ്യവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്ന ചടങ്ങുകൾ, കലാകാരന്മാരേയും, അവാർഡ് ജേതാക്കളേയും അനുമോദിക്കാൻ ഒരുക്കിയ വേദികൾ എന്നിവയും ഗ്രന്ഥശാലയുടെ ചരിത്ര രേഖകളിൽ സ്ഥാനം നേടിയവയാണ്‌.

 

1993 ൽ, മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ഈ ഗ്രാമത്തിന്റെ ഉത്സവമായി രജത ജൂബിലി ആഘോഷിച്ചു. ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരൻ ശ്രീ. പി. എൻ. പണിക്കർ, ശ്രീ. സുകുമാർ അഴിക്കോട്, ശ്രീ. ഐ.വി. ദാസ് വരെയുള്ളവർ ഗ്രന്ഥശാല സന്ദർശിക്കുകയും, സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടൂണ്ട്.

 

സാംസ്കാരിക ജീർണ്ണതയ്ക്കും മൂല്യച്ച്യുതിക്കുമെതിരെ ക്യാമ്പയിൻ പ്രവർത്തനം, യുവാക്കളിൽ വളർന്നുവരുന്ന മദ്യപാനത്തിനും അരാജകത്വത്തിനുമെതിരെ ബോധവല്ക്കരണം, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധം വളർത്താനുതകുന്ന ക്ളാസുകൾ, ജില്ലാതല ഏകാങ്ക നാടക മത്സരം, വനിതാസംഗമം, സാഹിത്യ സദസ്സുകൾ, നാടൻ കലാമേള, കവിയരങ്ങ്, സംഗീത സായാഹ്നം, സെമിനാറുകൾ, സാധാരണക്കാരിൽ നാടകാവബോധം വളർത്താൻ സഹായിക്കുന്ന നാടക പഠനക്യാമ്പുകൾ, സൗജന്യ യോഗാ പഠന ക്ളാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചുകൊണ്ട് പുതിയ കർമ്മപദ്ധതിക്കു രൂപംകൊടുക്കാൻ ഗ്രന്ഥശാല ലക്ഷ്യമിടുന്നു. സ്ത്രീകളും, കുട്ടികളുമാണ്‌ ഇപ്പോൾ കൂടുറ്റ്ജലും ഉപയോഗപ്പെടുത്തുന്നത്. വനിതാ ലൈബ്രേറിയനായി ശ്രീമതി. ഭവാനിയും ലൈബ്രേറിയനായി കുമാരി. എ.പി. രമ്യയും പ്രവർത്തിക്കുന്നു. ശ്രീ. എം. ലക്ഷ്മണൻ പ്രസിഡന്റും, ശ്രീ. കെ.വി. സുരേഷ്ബാബു മാസ്റ്റർ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ ഈ പ്രസ്ഥാനത്തിന്റെ അണിയറയിൽ.

ജവഹര്‍ വായനശാല & ഗ്രന്ഥാലയം ജവഹര്‍ വായനശാല & ഗ്രന്ഥാലയം
ആദ്യകാല കമ്മിറ്റികളില്‍ ഒന്ന് ആദ്യകാല കമ്മിറ്റികളില്‍ ഒന്ന്

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക