കാര്‍ഷിക സംസ്കൃതി

പരമ്പരാഗതമായ പുരയിടകൃഷിയും പുനം കൃഷിയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ പഞ്ചായത്തില്‍ നിലവിലിരുന്നു. കൂവേരി, തേറണ്ടി, പൂണംകോട്‌ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളില്‍ പാടക്കൃഷിയും പുരയിടക്കൃഷിയും മലയോരങ്ങളില്‍ പുനം കൃഷിയുമായിരുന്നു പതിവ്‌.

 

കല്ലൂര്‍ ദേവസ്വങ്ങള്‍, നരിക്കോട്ടില്ലം, കടമ്പൂര്‍വീട്‌, വേങ്ങയില്‍ നായനാര്‍ എന്നീ ജന്മങ്ങളില്‍പ്പെട്ടതായിരുന്നു ഇവിടുത്തെ മുഴുവന്‍ കൃഷിഭൂമിയും. ആണ്ടോടാണ്ട്‌ ആവശ്യമായ അരിയും പച്ചക്കറിയും മറ്റു വിഭവങ്ങളും ഇവിടെത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. കുന്നുകളുടെ നിരപ്പില്‍ വറ്റല്‍മുളകും പൂത്താടയും കൃഷി ചെയ്തിരുന്നു. പറങ്കിയുടെ വിളവെടുപ്പിനു ശേഷം ആ നിലത്തു ചെയ്യുന്ന നെല്‍ക്കൃഷിയാണ്‌ പൂത്താട.

 

ജനങ്ങള്‍ കൂട്ടായി മലങ്കാടുകള്‍ തെളിച്ച്‌ പുനം കൃഷി ചെയ്തു പോന്നു. വര്‍ഷങ്ങളുടെ മൂപ്പുള്ള കാടുകള്‍ വെട്ടിത്തെളിച്ച്‌, തീയിട്ടു കൃഷിക്കു പാകപ്പെടുത്തും. പാകപ്പെട്ട പുതുമണ്ണില്‍ പാല്‍ക്കഴമ, ചെന്നെല്ല്‌ തുടങ്ങിയ നെല്‍വിത്തുകള്‍ വിതയ്ക്കും. നെല്‍വിത്തിനോടൊപ്പം തുവര, ചോളം, മുത്താറി എന്നിവയുടെ വിത്തുകളും കലര്‍ത്തും. കൂട്ടുകൃഷി സ്ഥലങ്ങള്‍ കൃഷി കഴിഞ്ഞ ഉടനെ ഓരോരുത്തര്‍ക്കും പങ്കുവെയ്ക്കും. അതിരുകളില്‍ ചാമ വിതയ്ക്കും. പാറകള്‍ക്കും മരക്കാലുകള്‍ക്കും ചുറ്റും മത്തനും കുമ്പളവും പയറും നടും. കാട്ടു മൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ വന്‍മരങ്ങളുടെ മുകളില്‍ കാവല്‍പ്പുരകള്‍ നിര്‍മ്മിക്കും. ധനുവില്‍ ഭൂമിയൊരുക്കി മീനം-മേടത്തില്‍ വിത്തിട്ട്‌ കന്നിയില്‍ കൊയ്യും. നെല്ലിനൊപ്പം കൃഷി ചെയ്യുന്ന ഓരോ വിളയും മൂപ്പെത്തുന്ന മുറയ്ക്ക്‌ ശേഖരിക്കും. ആദ്യ വിളവെടുപ്പിനു തന്നെ ‘പുത്തരിയൂണ് ’ ബന്ധുമിത്രാദികളെയും അയല്‍ക്കാരെയും ക്ഷണിച്ച്‌ ആഘോഷപൂര്‍വ്വം നടത്തും.

 

ഒന്നാം വിള കഴിഞ്ഞ പാടങ്ങളില്‍ എള്ള്‌, മുതിര, മധുരക്കിഴങ്ങ്‌, പച്ചക്കറികള്‍ മുതലായവ കൃഷി ചെയ്തിരുന്നു. ചപ്പാരപ്പടവ്‌ പ്രധാന ധാന്യ വിപണന കേന്ദ്രമായിരുന്നു. കാര്‍ഷിക വിഭവങ്ങള്‍ പുഴ വഴി കുപ്പം, പഴയങ്ങാടി, വളപട്ടണം എന്നീ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു.

 

നാടന്‍ ചക്കുകളില്‍ തേങ്ങ, എള്ള്‌ എന്നിവ ആട്ടുന്ന തൊഴില്‍ ജാതിയടിസ്ഥാനത്തില്‍ ചെയ്തിരുന്നു. പുരയിടങ്ങളില്‍ തെങ്ങും കവുങ്ങും കുരുമുളകും പ്രധാനകൃഷിയായിരുന്നു. പുറമേ മാവും പ്ലാവും പുളിയും.

കാര്‍ഷിക ചരിത്രം top
# ടൈറ്റില്‍
1 കര്‍ഷക സമരങ്ങള്‍
2 കാര്‍ഷിക കുടിയേറ്റം
3 പാടങ്ങള്‍ - അന്നും ഇന്നും

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക